വീരപ്പൻ്റെ പറയാത്ത കഥ – Untold Story of Veerappan

വീരപ്പൻ്റെ പറയാത്ത കഥ - Untold Story of Veerappan

വീരപ്പൻ്റെ പറയാത്ത കഥ – 184 മനുഷ്യരുടെ കൊലപാതകം അതിൽ പകുതിയും പോലീസുകാരോ ഫോറസ്റ്റുകാരോ അങ്ങനെ യൂണിഫോം ഇട്ട ഏതെങ്കിലും ഫോഴ്സിൽ ഉദ്യോഗസ്ഥരാണ്. 2000 ആനകൾ അവയിൽ നിന്നുള്ള 16 കോടി വില വരുന്ന ആനക്കൊമ്പുകൾ. 65000 കിലോ വരുന്ന 143 കോടിയുടെ ചന്ദനത്തടി. ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവർക്ക് അഞ്ചു കോടി രൂപ ഇനാം. ഇതൊക്കെ ഒരൊറ്റ മനുഷ്യനെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ട കണക്കുകളാണ്. ആ മനുഷ്യന്റെ പേര് കൂസ് മുനിസ്വാമി വീരപ്പൻ എന്നാണ്.സത്യമംഗലം കാടുകളെ വിറപ്പിച്ച വീരപ്പൻ എന്ന കാട്ടുകള്ളന്റെ വളർച്ചയും അന്ത്യവും ഇന്നും ഒരു ദുരൂഹതയാണ്.

ആയിരത്തിലധികം പോലീസ് സേന 100 കോടിയോളം ചെലവഴിച്ച് 30 വർഷത്തിലധികം ഒരു മനുഷ്യനു വേണ്ടി അലഞ്ഞുവെങ്കിൽ അയാൾ നിസ്സാരക്കാരൻ ആവില്ലല്ലോ. ഏതാണ്ട് നൂറിലധികം ആയുധധാരികളായ കൊള്ളക്കാരുടെ ഒരു സൈന്യം തന്നെ വീരപ്പന് കാടിനുള്ളിൽ ഉണ്ടായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി പതിനാലായിരത്തിലധികം കിലോമീറ്റർ സ്ക്വയർ വ്യാപിച്ചു കിടക്കുന്ന കാട്ടിലെ മുടിചൂടാ മന്നനായിരുന്നു വീരപ്പൻ. ശരിക്കും വീരപ്പൻ നായകനോ അതോ വില്ലനോ?. ആരായിരുന്നു വീരപ്പന് പിന്നിൽ പ്രവർത്തിച്ചത് ? ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് കാട്ടിൽ താമസിച്ചിരുന്ന അയാൾ കള്ളക്കടത്തിലൂടെ ഉണ്ടാക്കിയ കോടിക്കണക്കായ സ്വത്തുക്കൾ എവിടെയാണ് ?



കർണാടകയിലെ തലക്കാവേരിയിൽ ഉത്ഭവിച്ച് തമിഴ്നാട്ടിലെ പൂമ്പുഹാറിൽ വെച്ച് ബംഗാൾ ഉൾക്കടലിൽ ചേരുന്ന ചരിത്രം ഉറങ്ങുന്ന മഹാനദിയാണ് കാവേരി. 1934 ൽ ഈ നദിയിൽ ബ്രിട്ടീഷുകാർ ഒരു അണക്കെട്ട് നിർമ്മിക്കുന്നു. അവർ അതിനു കൊടുത്ത പേരാണ് സ്റ്റാൻലി റിസർവോയർ. ഈ പേര് കേട്ടാൽ നമുക്ക് മനസ്സിലാവണമെന്നില്ല. ആധുനിക ഇന്ത്യയിൽ ഈ റിസർവായർ അറിയപ്പെടുന്നത് മേട്ടൂർ ഡാം എന്നാണ്. സ്റ്റാൻലി റിസർവായർ വന്നപ്പോൾ ആ പ്രദേശത്തേക്ക് അതായത് കൊല്ലകൻ വനമേഖലയിലേക്ക് ധാരാളം ആളുകൾ വന്നുകൂടി. അങ്ങനെ അതിനടുത്തുള്ള ഗോപിനത്തം എന്ന കുഗ്രാമത്തിലും ആളുകൾ വന്നു താമസിച്ചു. അവിടെ 1952 ജനുവരി 18ന് കൂസ് മുനിസ്വാമി പുലിത്തായമാൾ ദമ്പതികളുടെ ദരിദ്ര കുടുംബത്തിൽ നാലുമക്കളിൽ രണ്ടാമനായിട്ട് വീരപ്പൻ ജനിക്കുന്നു.

ബ്രിട്ടീഷ് ഇന്ത്യയിൽ ഗോപിനത്തം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ 1956ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നുണ്ടല്ലോ അപ്പൊ ഈ ഗോപിനത്തം കർണാടകയുടെ ഭാഗമായിട്ട് മാറി. ഗോപിനത്തം കൊല്ലകൻ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണ്. അതുകൊണ്ടുതന്നെ അവിടെയുള്ള ആളുകൾക്ക് കള്ളത്തോക്ക് ഉപയോഗിക്കാൻ അറിയാമായിരുന്നു. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന മനുഷ്യനെ ആക്രമിക്കുകയൊക്കെ ചെയ്യുന്ന കാട്ടുപന്നികളെയും, കരടി, പുലി തുടങ്ങിയ വന്യമൃഗങ്ങളെയും നേരിടാൻ വേണ്ടിയിട്ടായിരുന്നു ഈ തോക്കുകൾ അവർ ഉപയോഗിച്ചിരുന്നത്.

എന്നാൽ പലരും ഇത് മറ്റു നിയമവിരുദ്ധ കാര്യങ്ങൾക്കുമായിട്ട് ഉപയോഗിച്ചു തുടങ്ങി അത്തരത്തിൽ ഒരാളായിരുന്നു സാൽവായി ഗൗണ്ടർ. വനാതിർത്തിയിലുള്ള ഗ്രാമത്തിൽ ജനിച്ചതുകൊണ്ട് തന്നെ കാടും, കാടിനുള്ളിലെ ജീവിതവും ഒക്കെ വീരപ്പന് ചെറുപ്പത്തിൽ തന്നെ നന്നായിട്ട് അറിയാമായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ സമർത്ഥനായിട്ടുള്ള ഒരു ഷാർപ്പ് ഷൂട്ടർ ആയിട്ട് വീരപ്പൻ മാറുകയാണ്. ഒരു മരത്തിൽ നിന്നും അടുത്ത മരത്തിലേക്ക് ചാടുന്ന കുരങ്ങന്മാരെ ചാട്ടത്തിനിടയിൽ വെടിവെച്ചിട്ടായിരുന്നു വീരപ്പന്റെ പരിശീലനം. ഒരിക്കൽ കാട്ടുപന്നിയെ വെടിവെച്ചു എന്ന കുറ്റത്തിന് പോലീസിനെ ഭയന്ന് വീരപ്പൻ കാട് കയറുകയാണ്. അങ്ങനെ ആ കൗമാരപ്രായക്കാരൻ തന്റെ ബന്ധു കൂടിയായ സാൽവായി ഗൗണ്ടർ എന്ന കാട്ടുകൊള്ളക്കാരന്റെ സംഘത്തിൽ ചേരുന്നു. പിന്നീട് വീരപ്പൻ തന്റെ പതിനാലാമത്തെ വയസ്സിൽ ആദ്യത്തെ ആനയെ വേട്ട അടിയെന്നും പതിനേഴാമത്തെ വയസ്സിൽ ആദ്യ കൊലപാതകം നടത്തിയെന്നും പറയപ്പെടുന്നുണ്ട്.

കൊള്ളക്കാരൻ ആണല്ലോ എതിരെ വരുന്നത് മൃഗമാണെങ്കിലും മനുഷ്യരാണെങ്കിലും കൊല്ലേണ്ടിവരും. തന്റെ കഴിവുകൊണ്ട് 1970 ൽ ആനവേട്ടയിൽ വീരപ്പൻ കുപ്രസിദ്ധനായിട്ട് മാറി. സ്വന്തം കൊള്ളസംഘം രൂപീകരിച്ചിട്ടാണ് പിന്നീട് പ്രവർത്തിക്കുന്നത്. അതിനുശേഷം വീരപ്പൻ കൊന്നു തള്ളിയത് രണ്ടായിരത്തോളം ആനകളെയാണ്. അതിലൂടെ 16 കോടി രൂപയുടെ ആനക്കൊമ്പാണ് അയാൾ വിദേശത്തേക്ക് കടത്തിയത്. പിന്നീട് ചന്ദനക്കൊള്ളയിലേക്ക് ശ്രദ്ധ തിരിച്ച വീരപ്പൻ 143 കോടി രൂപ വില വരുന്ന 10000 ടൺ ചന്ദനത്തടിയാണ് മുറിച്ചു കടത്തിയത്.

1983 ഓഗസ്റ്റ് 27ന് തൻറെ നായാട്ട് തടഞ്ഞ കെ എം പൃഥ്വി എന്ന കർണാടക ഫോറസ്റ്റ് ഗാർഡിനെ വീരപ്പൻ വെടിവെച്ചു കൊന്നു. അതാണ് അയാളുടെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ നരഹത്യ. വീരപ്പൻ എന്ന പുസ്തകത്തിൽ നക്കീരൻ ഗോപാലൻ പറയുന്നത് ആ കൊലപാതകം വരെ ഏതാണ്ട് 13 വർഷം പോലീസിന്റെയും വനം വകുപ്പിന്റെയും ഒന്നും കാര്യമായ എതിർപ്പില്ലാതെ മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ മൗനാനുവാദത്തോടെ അയാൾ കാട്ടിനുള്ളിൽ വിരാജിച്ചു. എന്നാണ് എന്നാൽ കാക്കിയിട്ടവന് വീരപ്പൻ കൈയോങ്ങിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കടന്നൽ കൂട്ടത്തിൽ കല്ലെറിഞ്ഞതുപോലെ പോലീസും വനം വകുപ്പും വീരപ്പനെ തിരഞ്ഞു. വീരപ്പന്റെ പേരും കുപ്രസിദ്ധിയും കാട് മുഴുവൻ വ്യാപിച്ചതിനെക്കുറിച്ച് മറ്റൊരു കഥയുണ്ട്.

അന്ന് വീരപ്പൻ ഇത്രയും വളർന്നിട്ടില്ല. എന്നാലും ഒരിക്കൽ അയാൾ കൊല്ലകൻ വനമേഖലയിലെ ചെറുകിട കള്ളക്കടത്തുകാരെയും നായാട്ടുകാരെയും ഒക്കെ വിളിച്ചിട്ട് ഒരു മീറ്റിംഗ് നടത്തുകയാണ്. നമ്മൾ ഈ ഗ്യാങ് വാർ സിനിമകളിലൊക്കെ കാണാറില്ലേ ഏതാണ്ട് അതുപോലെ ഒരു മീറ്റിംഗ്. എന്നിട്ട് പറയുകയാണ് നിങ്ങളുടെ എല്ലാവരുടെയും നേതാവും കള്ളക്കടത്തുകാരുടെ രാജാവും ഇനിമുതൽ താനായിരിക്കും. അങ്ങനെ ഒരു സ്വയം പ്രഖ്യാപനം നടത്തുന്ന സമയത്ത് സ്വാഭാവികമായിട്ടും പലവിധ അവകാശവാദങ്ങളും തർക്കങ്ങളും ഒക്കെ ഉണ്ടാകും. പലരും വീരപ്പന്റെ നേതൃത്വത്തെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല എന്നതും ഒരു സത്യമാണ്. ചർച്ചയ്ക്കിടെ സംഘത്തിലെ നേതാക്കൾക്ക് മാത്രം വീരപ്പൻ സുപാരി ഓഫർ ചെയ്യുകയാണ്. മുറുക്കില്ലേ ഏതാണ്ട് അതുപോലുള്ള സാധനമാണ് പക്ഷേ അതിൽ വീരപ്പൻ മയക്കുമരുന്ന് കലർത്തിയിരുന്നു. എന്നിട്ട് വീരപ്പന്റെ സംഘാംഗങ്ങൾ ചോട്ടാ ഗ്യാങ്ഗ് ലീഡർമാരെ ഒക്കെ വെടിവെച്ച് കൊല്ലുകയാണ്.

ഈ കൊല്ലപ്പെട്ടവരിൽ മിക്കവാറും പേർ പോലീസിന്റെയും ഫോറസ്റ്റിന്റെയും ഒക്കെ തലവേദന ആയിരുന്നു. അതുകൊണ്ടുതന്നെ ഔദ്യോഗികമായിട്ട് ഈ കൂട്ടക്കൊല പോലീസ് ഇതുവരെ സമ്മതിച്ചിട്ടില്ല. എന്നാൽ പലതവണ ഈ വിവരങ്ങൾ പത്രങ്ങൾ കഥ എന്ന പേരിൽ കൊടുത്തു കാണാറുമുണ്ട്. ഈ കഥ സത്യമാണെങ്കിലും അല്ലെങ്കിലും അതോടെ വീരപ്പൻ സത്യമംഗലം കാടുകളിലെ മുടിചൂടാ മന്നനായിട്ട് മാറി.

കാടുവിട്ട് നഗരത്തിൽ ഇറങ്ങിയ വീരപ്പൻ ഒരിക്കൽ 1986ൽ അറസ്റ്റിൽ ആവുന്നുണ്ട്. അന്ന് ബാംഗ്ലൂരിൽ വെച്ച് സാർക്ക് ഉച്ചകോടി നടക്കുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ജാഗരൂകരായിരുന്ന പോലീസിന്റെ കയ്യിലേക്ക് വീരപ്പൻ ചെന്ന് പെട്ടു എന്ന് പറയുന്നതായിരിക്കും ഏറ്റവും ശരി. പോലീസ് ആവട്ടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഏറ്റവും മിടുക്കനായിട്ടുള്ള ഓഫീസർ പാണ്ടിലാപ്പള്ളി ശ്രീനിവാസ് എന്ന പി ശ്രീനിവാസന്റെ കയ്യിൽ ചോദ്യം ചെയ്തു വീരപ്പനെ ഏൽപ്പിച്ചു.

വീരപ്പനെ ചോദ്യം ചെയ്യാൻ ചാമരാജനഗർ ഫോറസ്റ്റ് റെസ്റ്റ് ഹൗസിൽ എത്തിക്കുകയും ചെയ്തു. കിട്ടിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ പി ശ്രീനിവാസ് വീരപ്പന്റെ സംഘത്തിന്റെ അടിത്തറ തന്നെ ഇളക്കുകയാണ്. നിരവധി റൈഡുകൾ അദ്ദേഹം നടത്തി. വീരപ്പനെ ചോദ്യം ചെയ്തത് വളരെ കഠിനമായിട്ടായിരുന്നു. അന്ന് അങ്ങനെയാണ് പറയപ്പെടുന്നത്. ഒരു ദിവസം പി ശ്രീനിവാസ് പുറത്തുപോയ സമയത്ത് വീരപ്പൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തലയിൽ തേക്കാൻ നൽകിയ എണ്ണ കയ്യിൽ പുരട്ടിയിട്ട് വിലങ്ങൂരിയിട്ടാണ് രക്ഷപ്പെട്ടത് എന്നാണ് പോലീസ് ഇതിന് നൽകിയ വിശദീകരണം. പക്ഷേ കാവൽക്കാർക്ക് കൈക്കൂലി നൽകിയാണ് വീരപ്പൻ രക്ഷപ്പെട്ടത് എന്ന് എന്നാണ് പറയപ്പെടുന്നത്.



എന്തായാലും ഈ സംഭവത്തിന് ശേഷം വീരപ്പൻ കൂടുതൽ അക്രമകാരിയും നിഷ്ടൂരനുമായി തീർന്നു. പലതവണ പോലീസുകാരുമായിട്ട് ഏറ്റുമുട്ടുകയും ധാരാളം പേരെ വധിക്കുകയും ചെയ്തു. 1986 ൽ സിദ്ധരാമൻ നായ്ക്കർ എന്ന ഫോറസ്റ്റ് വാച്ചറെ വീരപ്പൻ കൊല ചെയ്തു. തൊട്ടടുത്ത വർഷം 1987 ൽ സത്യമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ചിദംബരത്തിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയി വിലപേശി ശേഷം കൊന്നുകളയുകയാണ് ഉണ്ടായത്. അപ്പോഴേക്കും പി ശ്രീനിവാസ് കർണാടകയുടെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആയിട്ട് മാറിയിരുന്നു. ചിദംബരം എന്ന തന്റെ സഹ പ്രവർത്തകന്റെ കൊലപാതകം വീരപ്പനെ പിടികൂടുക എന്ന വാശി ഇരട്ടിപ്പിക്കാൻ ശ്രീനിവാസന് മറ്റൊരു കാരണവുമായിരുന്നു. അയാൾ മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കാൻ തീരുമാനിക്കുകയാണ്.

വീരപ്പന്റെ ജന്മഗ്രാമമായ ഗോപിനത്തിൽ ചാരന്മാരുടെ ഒരു നെറ്റ്വർക്ക് തന്നെ ശ്രീനിവാസ് ഉണ്ടാക്കി. പിന്നെ നടന്നത് പശ്ചിമഘട്ടം കണ്ട ഏറ്റവും വലിയ എലിയും പൂച്ചയും കളിയാണ്. ശ്രീനിവാസ് വെച്ച ഓരോ കെണിയിൽ നിന്നും വീരപ്പൻ കൗശലപൂർവ്വം തെന്നി മാറിക്കൊണ്ടേയിരുന്നു. ഇതിനിടയിൽ തന്റെ നീക്കങ്ങൾ ചോരുന്നുണ്ട് എന്ന് മനസ്സിലാക്കിയ വീരപ്പൻ ഒറ്റുകാരെ പിടികൂടി ഓരോന്നായിട്ട് വധിച്ചു കളഞ്ഞു. ഗ്രാമത്തിൽ വീണ്ടും ചാരന്മാർ ഉണ്ടായി പലരെയും വീരപ്പൻ നിർദ്ധയം കൊന്നുകളഞ്ഞു ഭീകരമായിട്ടാണ് കൊന്നുകളയുന്നത്. ചാരന്മാരുടെ കൈപ്പത്തികൾ മുറിച്ചെടുത്ത അയാൾ കവലകളിൽ പ്രദർശിപ്പിക്കുകയാണ്.

ഇത് ഗ്രാമത്തിലെ എല്ലാവർക്കും വീരപ്പൻ നൽകിയ താക്കീദുമായിരുന്നു. കാടിൻറെ ഓരോ മുക്കും മൂലയും അറിയാമായിരുന്ന വീരപ്പന് മുന്നിൽ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഏതാണ്ട് അടിയറവ് പറഞ്ഞു. 14000 ചതുരസ്ര കിലോമീറ്റർ വിസ്തൃതിയിൽ മൂന്ന് സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന കാടായിരുന്നു വീരപ്പന്റെ സാമ്രാജ്യം. കാട്ടിലെ ഓരോ ഇടവഴികളും നേരിയ ചലനങ്ങളും വീരപ്പനും സംഘത്തിനും അറിയാമായിരുന്നു. അതുകൂടാതെ വീരപ്പന്റെ കയ്യിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്ന ഗ്രാമവാസികളും അയാളെ പല രീതിയിലും സഹായിച്ചു.ഇതിനിടെ ഗോപിനത്തൻ ഗ്രാമത്തിൽ തന്നെയുള്ള മുത്തുലക്ഷ്മി എന്ന സ്ത്രീയെ വീരപ്പൻ വിവാഹം കഴിക്കുന്നുണ്ട്.

1990 ഏപ്രിൽ 16 വീരപ്പനെ പിടികൂടാനായി ഒരു സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കപ്പെട്ടു. എസ്ടിഎഫ് എന്ന് പറയും അതിൻറെ തലവനായത് ഐഎഫ്എസ് ഓഫീസർ പി ശ്രീനിവാസ് തന്നെയായിരുന്നു. തന്റെ കയ്യിൽ നിന്നാണ് അറസ്റ്റിനു ശേഷം വീരപ്പൻ രക്ഷപ്പെട്ടത് എന്ന കാരണത്താൽ അദ്ദേഹം ആ ചുമതല സ്വയം ഏറ്റെടുത്തതായിരുന്നു. സർക്കാർ സഹായങ്ങൾ എത്താതിരുന്ന ദരിദ്ര ഗ്രാമത്തിൽ പണമെറിഞ്ഞു സഹായിച്ചപ്പോൾ വീരപ്പൻ ഗ്രാമവാസികൾക്ക് ദൈവം തന്നെയായിരുന്നു.

വീരപ്പന് ഗ്രാമീണർക്കിടയിലുള്ള സ്വാധീനം തിരിച്ചറിഞ്ഞ ശ്രീനിവാസ് അവരിലൂടെ വീരപ്പനിൽ എത്താനാണ് ആദ്യം തന്നെ ശ്രമിക്കുന്നത്. ഇതിനായി ഗ്രാമത്തിൽ പലതരത്തിലുള്ള വികസന പ്രവർത്തനങ്ങൾ അദ്ദേഹം നടപ്പിലാക്കി. അമ്പലവും ഡിസ്പെൻസറിയും വരെ അദ്ദേഹം സ്ഥാപിക്കുകയാണ്. ഡിസ്പെൻസറിയിൽ ജോലിക്കായി വീരപ്പന്റെ പെങ്ങളെ തന്നെ നിയമിക്കുകയും ചെയ്തു. ഇതോടൊപ്പം വീരപ്പന്റെ സഹോദരൻ അർജുനുമായിട്ട് ശ്രീനിവാസ് നല്ല നല്ല അടുപ്പത്തിൽ ആവുകയും ഗ്രാമത്തിൽ ഒരുപാട് ചാരന്മാരെ ഉണ്ടാക്കുകയും അവരുടെ വലിയൊരു സംഘം തന്നെ രൂപീകരിക്കുകയും ചെയ്തു.

എന്നാൽ അദ്ദേഹത്തിൻറെ എല്ലാ പദ്ധതികളും തകിടം മറിയുന്ന സംഭവമാണ് പിന്നീടുണ്ടായത്. എസ്ടിഎഫിന്റെ നിരീക്ഷണത്തിലായിരുന്ന വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി കാട്ടിലേക്ക് കടന്നുകളഞ്ഞതിനെ തുടർന്ന് പെങ്ങൾ മാരിയമ്മാളിനെ എസ്ടിഎഫ് കർശനമായി ചോദ്യം ചെയ്തു. ഇതേ തുടർന്ന് അവർ ആത്മഹത്യ ചെയ്തു എന്നാണ് പോലീസ് പറയുന്നത്. ശ്രദ്ധിക്കണം സർക്കാർ പറഞ്ഞത് ആ സ്ത്രീ ആത്മഹത്യ ചെയ്തു എന്നാണ് എന്നാൽ അതൊരു കൊലപാതകമായിരുന്നു എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ആളുകളുണ്ട്. ഈ സംഭവം വീരപ്പനെ വല്ലാതെ രോഷം കൊള്ളുകയാണ്.

1991 ജൂലൈ മാസത്തിൽ എസ്ടിഎഫിലുള്ള ശ്രീനിവാസന്റെ സേവനവും അവസാനിക്കുന്നു. എന്നാലും വീരപ്പൻ വിഷയത്തിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. ഒരു ദിവസം ശ്രീനിവാസന് വീരപ്പനിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. ശ്രീനിവാസന്റെ മുന്നിൽ കീഴടങ്ങാൻ വീരപ്പൻ തയ്യാറാണ് എന്നും അതിൻറെ ടേംസ് ആൻഡ് കണ്ടീഷൻസ് ഒക്കെ സംസാരിക്കാൻ നിരായുധനായിട്ട് ഒറ്റയ്ക്ക് തന്നെ കാണാൻ വരണമെന്നും ആ സന്ദേശത്തിൽ ഉണ്ടായിരുന്നു. വീരപ്പന്റെ വാക്കുകളെ വിശ്വസിച്ച ശ്രീനിവാസ് നിരായുധനായി ഒറ്റയ്ക്ക് ആ ദൗത്യത്തിന് തയ്യാറായി. വഴിയിൽ വെച്ച് വീരപ്പന്റെ അനുജൻ അർജുനെ അദ്ദേഹം സന്ധിക്കുന്നുണ്ട് സംസാരിക്കുന്നുണ്ട്. ഈ അർജുനെ ഉപയോഗിച്ച് പക്ഷേ നാങ്കലി എന്ന സ്ഥലത്ത് വെച്ച് ശ്രീനിവാസനെ പിന്നിൽ നിന്നും തലവെട്ടി അവർ വകവരുത്തുകയാണ്. അതുമാത്രമല്ല അദ്ദേഹത്തിൻറെ ശിരസ്സ് മുറിച്ചെടുത്ത് വീരപ്പനും സംഘവും പിന്നീട് ഫുട്ബോൾ കളിക്കുന്നുമുണ്ട്.

വീരപ്പനെ വധിച്ച ഐപിഎസ് ഓഫീസർ കെ വിജയകുമാറിന്റെ വീരപ്പൻ ചേസിങ് ദി ബ്രിഗാൻഡ് എന്ന പുസ്തകത്തിൽ ഈ സംഭവത്തെക്കുറിച്ച് വിശദമായി തന്നെ എഴുതിയിട്ടുമുണ്ട്. കുടുംബത്തിന് പോലും ശ്രീനിവാസന് തല ലഭിക്കുന്നില്ല ഏതാണ്ട് മൂന്നു വർഷങ്ങൾ ശേഷമാണ് ഈ തല അധികൃതർക്ക് കണ്ടെത്താൻ സാധിച്ചത്. അതും മരത്തിൽ ആണിയടിച്ചു തൂക്കിയ രീതിയിൽ. ഇതൊക്കെ തന്റെ സഹോദരിയുടെ മരണത്തിലുള്ള തിരിച്ചടിയായിട്ടാണ് വീരപ്പൻ കണക്കാക്കിയത്. ഇതേ കാരണം പറഞ്ഞ് കർണാടക പോലീസിലെ നാല് ഉദ്യോഗസ്ഥരെ കൂടെ വീരപ്പൻ വധിക്കുന്നുണ്ട്. ഒരിക്കൽ വീരപ്പന്റെ സംഘത്തിലെ ഗുരുനാഥൻ എന്ന ആളെ പോലീസ് പിടികൂടുന്നു തുടർന്ന് ഗുരുനാഥൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ഇതിൻറെ പ്രതികാരമായി രാമപുര പോലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന് മാത്രമല്ല അഞ്ച് പോലീസുകാരെ കൊല്ലാനും അവിടെ ഉണ്ടായിരുന്ന ആയുധങ്ങൾ തട്ടിയെടുക്കാനും വീരപ്പന് സാധിക്കുന്നു.

1992 ഓഗസ്റ്റ് 14 നാണ് കുപ്രസിദ്ധമായ മീനിയം ഒളിയാക്രമണം നടക്കുന്നത്. മൈസൂർ ജില്ലാ പോലീസ് മേധാവിയായിരുന്ന ഹരികൃഷ്ണ എസ് ഐ ഷക്കീൽ അഹമ്മദ് എന്നിവർ കൂടാതെ നാല് പോലീസുകാരെ കൂടെ ആ ആക്രമണത്തിൽ വീരപ്പനും സംഘവും കൊലപ്പെടുത്തി. വീരപ്പൻ ഒരിടത്ത് ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന തെറ്റായ വിവരം കൈമാറി ഈ പോലീസുകാരെ അങ്ങോട്ട് ആകർഷിച്ചിട്ടായിരുന്നു ഈ കൊലകളെല്ലാം നടത്തിയത്. അതിനുശേഷമാണ് റാംബോ ഗോപാലകൃഷ്ണൻ എന്ന ശക്തനായ പോലീസ് ഓഫീസർ ദൗത്യത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്.

1993 ഏപ്രിൽ ഒൻപത് അതൊരു ദുഃഖ വെള്ളിയാഴ്ച ആയിരുന്നു അന്നാണ് വീരപ്പൻ തന്റെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തിയത്. ആ സംഭവത്തെ പാലാർ ബ്ലാസ്റ്റ് അല്ലെങ്കിൽ ഗുഡ് ഫ്രൈഡേ മസാക്കിർ എന്നൊക്കെ വിളിക്കുന്നുണ്ട്. അതിൻറെ തൊട്ടു മുന്നത്തെ ദിവസം അതായത് 1993 ഏപ്രിൽ എട്ടിന് മേട്ടൂരിലെ ഗോവിന്ദപ്പാടി എന്ന ഗ്രാമത്തിൽ ഒരാളെ പോലീസിന്റെ ചാരൻ എന്ന് മുദ്രകുത്തി വീരപ്പൻ വധിച്ചിരുന്നു. കൂടാതെ റാംബോ ഗോപാലകൃഷ്ണന് ധൈര്യമുണ്ടെങ്കിൽ തന്നെ പിടികൂടാമെന്ന് വീരപ്പൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു അതിനുശേഷമാണ് ഈ കൂട്ടക്കൊല നടക്കുന്നത്.

റാംബോ ഗോപാലകൃഷ്ണൻ 41 പേരുമുള്ള സംഘം വീരപ്പനെ തേടി ഇറങ്ങിയതായിരുന്നു. ആ സംഘത്തെ ലക്ഷ്യമിട്ട് സ്ഥാപിച്ച ലാൻഡ് മൈനിൽ കുടുങ്ങി 22 പോലീസുകാരാണ് അന്ന് കൊല്ലപ്പെട്ടത്. റാംബോ ഗോപാലകൃഷ്ണൻ ദൂരേക്ക് തെറിച്ചുവീണുവെങ്കിലും മരണപ്പെട്ടില്ല പക്ഷേ ഗുരുതരമായി പരുക്ക്പറ്റി അദ്ദേഹം ഏതാണ്ട് ഒന്നര വർഷത്തോളം കിടപ്പിലായി. ഇതിനിടയിൽ കേന്ദ്രവും ഈ വിഷയത്തിൽ ഇടപെടുന്നുണ്ട് കാരണം വീരപ്പൻ ഒറ്റയടിക്ക് 22 പോലീസുകാരെയാണ് കൊലപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാനങ്ങൾക്ക് മാത്രം കാര്യങ്ങൾ ശരിയാക്കാൻ പറ്റില്ല എന്ന ബോധ്യമുണ്ടായിരുന്ന കേന്ദ്രം വിഷയത്തിൽ ഇടപെട്ടു. ബിഎസ്എഫ് ജവാന്മാർ വീരപ്പനെ പിടികൂടാൻ സത്യമംഗലം കാടുകളിലേക്ക് ഇറങ്ങുകയാണ്. വീരപ്പന്റെ സംഘവുമായി അവർ നിരവധി തവണ ഏറ്റുമുട്ടി. നിരവധി ബിഎസ്എഫ് ജവാന്മാരും കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ ഭാഷാപരമായ പ്രശ്നങ്ങൾ ബിഎസ്എഫിന്റെ മുന്നേറ്റത്തെ വല്ലാതെ ബാധിക്കുന്നുണ്ട് എന്ന് മാത്രമല്ല തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വം ബിഎസ്എഫിന്റെ വരവിനെ സംശയത്തോടെ കണ്ടിരുന്നു.

അങ്ങനെ 1995 ൽ വീരപ്പന്റെ അനുജൻ അർജുൻറെ കാലിൽ ഒരു മുഴ വരുകയാണ് അത് പഴുക്കുന്നു. ഇനി എന്ത് ചെയ്യും നമുക്കറിയാം കാട്ടിൽ ചികിത്സയൊന്നും ലഭ്യമല്ലല്ലോ അയാളെ നാട്ടിലെത്തി ചികിത്സിക്കണം എന്നാൽ അർജുനെ അങ്ങനെ നാട്ടിലേക്ക് വിടാൻ പറ്റുമോ തീർച്ചയായിട്ടും പറ്റില്ല കാരണം പോലീസ് പിടിച്ചാൽ രഹസ്യങ്ങളെല്ലാം അർജുൻ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. പക്ഷേ അതിനും വീരപ്പന്റെ മുന്നിൽ ഒരു ഉപാധി ഉണ്ടായിരുന്നു അയാൾ കോയമ്പത്തൂർ ഡിഎസ്പി ആയിരുന്ന ചിദംബരനാഥിനെയും മറ്റ് രണ്ട് പോലീസുകാരെയും തട്ടിക്കൊണ്ടുപോയി. അവരെ ജാമ്യ വസ്തുവാക്കി അർജുന ചികിത്സയ്ക്ക് അയച്ചു അർജുനെ പിടികൂടുകയോ ഉപദ്രവിക്കുകയോ ചെയ്തു കഴിഞ്ഞാൽ ഇവരെ കൊന്നുകളയുമെന്ന ഭീഷണി ഉണ്ടായിരുന്നു. അതുകൊണ്ട് പോലീസുകാർക്കും സർക്കാരിനും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥയും ആ സമയത്ത് നിലനിന്നിരുന്നു.

പക്ഷേ അർജുൻറെ ചികിത്സ പുരോഗമിക്കുന്ന സമയത്ത് എസ്ടിഎഫ് ഒരു മികച്ച കമാൻഡോ ഓപ്പറേഷനിലൂടെ ചിദംബരനാഥിനെ മോചിപ്പിച്ചു. അതിനുശേഷമാണ് നാടകീയ സംഭവങ്ങൾ ഉണ്ടാകുന്നത്. വീരപ്പൻ അനുജൻ പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെടുകയാണ്. കർണാടക പോലീസിന് കൈമാറാൻ പോകുന്ന സമയത്ത് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാൽ ചികിത്സയിലായിരുന്ന അർജുനെ പോലീസ് കൊലപ്പെടുത്തി എന്നായിരുന്നു വീരപ്പൻ വിശ്വസിച്ചത്. അങ്ങനെ സംശയിക്കുന്നതിൽ യാതൊരു തെറ്റുമില്ല. സഹോദരിയും മരണപ്പെടുന്നു സഹോദരനും മരണപ്പെടുന്നു അടുത്ത അനുയായികളിൽ പലരും പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെടുകയാണ്.

നിരവധി പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഇതിൻറെ പേരിൽ വീരപ്പനും സംഘവും പിന്നെയും വധിക്കുകയാണ്. വീരപ്പൻ കൂടുതൽ അപകടകാരിയായ ഒരു കാലഘട്ടമായിരുന്നു ഇതിനിടയിൽ കാട്ടിൽ ഫോട്ടോ എടുക്കാൻ വന്ന സേനാനി കൃപാകർ എന്നീ രണ്ട് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരെ വീരപ്പൻ തട്ടിക്കൊണ്ടുപോകുന്നുണ്ട്. ആള് മാറിയാണ് തട്ടിക്കൊണ്ടുപോകുന്നത് അതുകൊണ്ടുതന്നെ പിന്നീട് അവരെ നിരുപാധികം വിട്ടയക്കുന്നുമുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അടക്കം പലരെയും വീരപ്പൻ പിന്നെയും തട്ടിക്കൊണ്ടുപോവുകയും അതിൽ പലരെയും കൊലപ്പെടുത്തുകയും ചെയ്തെങ്കിലും പ്രശസ്ത സിനിമ താരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയി കനത്ത മോചനദ്രവ്യം ആവശ്യപ്പെട്ടത് നാടിനെ ആകെ നടുക്കിയ സംഭവമായിരുന്നു.

എന്നാലും എന്തിനായിരുന്നു വീരപ്പൻ ഇങ്ങനെ ചെയ്തത് തൻറെ പേര് ആളുകൾ ഭീതിയോടെ പറയുന്നത് ഇഷ്ടപ്പെടുന്ന ഒരു പ്രത്യേകതരം മാനസിക രോഗത്തിന്റെ അടിമയായിരുന്നു വീരപ്പൻ. അങ്ങനെ ആളുകളിൽ ഭയം ജനിപ്പിക്കുന്നതിനു വേണ്ടി ഏതെങ്കിലും പ്രമുഖരെ തട്ടിക്കൊണ്ടുപോകാൻ അയാൾ പദ്ധതി ഇട്ടിരുന്നു. അതിനായി ആദ്യം തിരഞ്ഞെടുത്തത് എം കെ സ്റ്റാലിനെയാണ്. എന്നാൽ കടുത്ത സെക്യൂരിറ്റി ഉള്ളതുകൊണ്ട് അത് വേണ്ട എന്ന് തീരുമാനിച്ചു. അടുത്ത നറുക്ക് വീണത് രജനീകാന്തിനാണ് പക്ഷേ രജിനികാന്തിന്റെ വീട് ജയലളിതയുടെ വീടിന്റെ അടുത്തായിരുന്നു അവിടെയും സെക്യൂരിറ്റി പ്രശ്നമായതുകൊണ്ട് അവസാനം എത്തിയത് കന്നട സൂപ്പർ താരം രാജ്കുമാറിന് നേരെ ആയിരുന്നു. അങ്ങനെയാണ് 2000 ജൂലൈ 30 ന് ഫാം ഹൗസിൽ നിന്നും രാജ്കുമാറിനെ ഇവർ തട്ടിക്കൊണ്ടുപോകുന്നത്.

ഇത് കർണാടക തമിഴ്നാട് ബന്ധത്തിൽ തന്നെ വിള്ളൽ ഉണ്ടാക്കിയ ഒരു സംഭവമായിട്ട് പിന്നീട് മാറുന്നുണ്ട്. വീരപ്പൻസ് പ്രൈസ് ക്യാച്ച് രാജ്കുമാർ എന്ന പുസ്തകത്തിൽ സി ദിനകർ ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഡീലുകൾ വ്യക്തമായി തന്നെ വിവരിക്കുന്നുണ്ട്. ഇതിനുശേഷം 2002 ൽ എച്ച് നാഗപ്പ എന്ന മുൻ കർണാടക മന്ത്രിയെ വീരപ്പൻ കൊണ്ടുപോയി. ഇത്തവണ തികച്ചും രാഷ്ട്രീയപരമായ ആവശ്യങ്ങളാണ് വീരപ്പൻ മുന്നോട്ടുവെച്ചത്. ഒന്നാമത്തെ ആവശ്യം എൽ ടിഇ തീവ്രവാദ ബന്ധമുള്ള കൊളത്തൂർ മണി, തമിഴ് ദേശീയ ഇയക്കം എന്ന വിഘടനവാദി സംഘടനാ നേതാവ് നെടുമാരൻ, റിപ്പോർട്ടർ ശിവ സുബ്രഹ്മണ്യം എന്നിവരെ വിട്ടയക്കുക എന്നതായിരുന്നു.

രണ്ടാമത്തെ ആവശ്യം തമിഴ് കവിയായ തിരുവള്ളുവരുടെ പ്രതിമ ബാംഗ്ലൂരിൽ സ്ഥാപിക്കണം എന്നതായിരുന്നു. എന്നാൽ പിന്നീട് നാഗപ്പ ജീവനോടെ കാടി ഇറങ്ങിയില്ല അദ്ദേഹത്തിന്റെ ശവശരീരം കാട്ടിൽ നിന്നും ലഭിക്കാൻ ഉണ്ടായത്. തമിഴ്നാട് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാഗപ്പക്ക് പരിക്കേറ്റു എന്നും അയാളെ കാട്ടിൽ ഉപേക്ഷിച്ചു എന്നുമുള്ള വീരപ്പന്റെ സന്ദേശം നാഗപ്പയുടെ വീട്ടുകാർക്ക് പിന്നീട് ലഭിക്കുന്നുമുണ്ട്. നാഗപ്പയുടെ മരണകാരണം ഇന്നും സംശയാസ്പദമാണ്.



ഏത് തേരോട്ടത്തിനും അനിവാര്യമായ ഒരു അന്ത്യം ഉണ്ടാകുമല്ലോ വീരപ്പന്റെ കാര്യത്തിൽ ഇത് സംഭവിക്കുന്നത് ഓപ്പറേഷൻ കൊക്കൂണിന്റെ രൂപത്തിലാണ്. സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ അംഗങ്ങൾ വീരപ്പന്റെ സംഘത്തിൽ നുഴഞ്ഞു കയറി തിമിരം കൊണ്ട് ഒരു കണ്ണിന്റെ കാഴ്ച ഏതാണ്ട് പൂർണമായി നഷ്ടപ്പെട്ട അയാളെ ശസ്ത്രക്രിയ ചെയ്യാനാണെന്ന് വിശ്വസിപ്പിച്ച് കാട്ടിന് പുറത്തെത്തിച്ചു. 2004 ഒക്ടോബർ എട്ടിന് ധർമ്മപുരി ജില്ലയിൽ പപ്പരപ്പട്ടി എന്ന സ്ഥലത്ത് വെച്ച് പ്രത്യേക ദൗത്യ സംഘത്തിന്റെ വെടിയുണ്ടകൾക്കിരയായി വീരപ്പൻ കൊല്ലപ്പെടുകയും ചെയ്തു.

40 വർഷം നീണ്ട വീരപ്പന്റെ തേരോട്ടം അന്നാണ് അവസാനിച്ചത്. ദാവൂദ് ഇബ്രാഹിം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തുക തലയ്ക്ക് വിലയിട്ട കൊടും കുറ്റവാളി. അതിനോടകം 97 പോലീസുകാർ ഉൾപ്പെടെ 184 പേരെ കൊലപ്പെടുത്തിയിരുന്നു. കെ വിജയകുമാർ എന്ന സമർത്ഥനായ പോലീസ് ഓഫീസറുടെ തന്ത്രങ്ങൾക്ക് മുന്നിൽ മൂന്ന് സംസ്ഥാനങ്ങളെയും എന്തിന് ഇന്ത്യ മഹാരാജ്യത്തെ പോലും വിറപ്പിച്ച ആ കുപ്രസിദ്ധ കുറ്റവാളിക്ക് അടി എന്ന് പറയാം. വീരപ്പൻ വേട്ടയുടെ വിശദാംശങ്ങൾ അദ്ദേഹം ചേയ്സിങ് ദി ബ്രിഗാൻഡ് എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നുമുണ്ട്.

പക്ഷേ വിവാദങ്ങൾ അവിടെയും അവസാനിച്ചില്ല. രണ്ടു ദിവസങ്ങൾക്കു മുന്നേ പിടികൂടിയ വീരപ്പനെ ഒളിസങ്കേതത്തിൽ പാർപ്പിച്ച ശേഷം ഫേക്ക് എൻകൗണ്ടർ അഥവാ വ്യാജ ഏറ്റുമുട്ടൽ നടത്തുകയായിരുന്നു എന്നും. വീരപ്പന് പിന്നിൽ പ്രവർത്തിച്ച ആളുകളുടെ പേരുകൾ പുറത്തുവരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നും ആക്ഷേപം ഉണ്ടായി. വീരപ്പനെയും അയാളുടെ കുടുംബത്തെയും നമുക്കറിയാം അല്ലേ സഹോദരനെയും സഹോദരിയെയും കൂട്ടാളികളെയും കൊല്ലുകയോ അല്ലെങ്കിൽ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തി. പിന്നീട് അത് പേപ്പറിൽ ആത്മഹത്യ ആകുകയോ ചെയ്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

അതുകൂടാതെ വീരപ്പൻ വേട്ടയുടെ പേരിൽ 1992 ൽ 15 ഗോത്ര യുവതികളെ കൂട്ടബലാത്സംഗം ചെയ്തു എന്ന കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥർ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയത് ആറുമാസം മുന്നേ മാത്രമാണ്. എങ്ങനെ നോക്കിയാലും വീരപ്പൻ വേട്ട എന്റെ അഭിപ്രായത്തിൽ നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് എന്ന് പറയാൻ സാധിക്കില്ല. വാസ്തവത്തിൽ ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധം തന്നെയായിരുന്നു.

കോടി കണക്കിന് രൂപയുടെ ആനക്കൊമ്പുകളും ചന്ദനത്തടികളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ ഒരു കാട്ടുകള്ളന് സ്വയം സാധിക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഒരല്പം പ്രയാസം തന്നെയാണ്. അയാൾക്ക് പിന്നിൽ ആരൊക്കെയോ പ്രവർത്തിച്ചിരുന്നു അത് ആരാണ് എന്ന സത്യം ഇപ്പോഴും കാണാമറിയാത്തതാണ്. വാസ്തവം എന്താണെങ്കിലും ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് കാട്ടിൽ താമസിച്ചിരുന്ന അയാൾ കള്ളക്കടത്തിലൂടെ ഉണ്ടാക്കിയ കോടിക്കണക്കായ സ്വത്തുക്കൾ എവിടെയാണ് എന്ന ചോദ്യം പിന്നെയും ബാക്കിയാണ്.

Exit mobile version